Malayalam lyrics
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ കാവളം കിളി പാട്ടു പാടുന്നു പഴയൊരോർമ്മ നിലാവിലൂടെ പടുമരത്തിൻ കൊമ്പിലാരെ- ത്തിരയുമീരടി തൻ വിലാപ- ത്തിരകൾ വീശിയടിക്കെ, അരിയൊരു കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... കരളിൽ കാവളം കിളി പാട്ടുപാടുന്നു... കാവ്യമുന്തിരി മണികളിൽ കാ- ലം കലർത്തിയ ലഹരിയുണ്ടും അടരുവാൻ കഴിയാത്ത ചിന്താ സരണിയിൽ സ്വയമരണിയായും ചിതലരിച്ചൊരു സ്വപ്നമായും സിരകളറ്റ വികാരമായും ഇടറുമീവഴിയോരമോർമ്മക- ളിതളിടുന്ന ദിനങ്ങളെണ്ണി കരയുവാനാകാതെപോലും കരളിലെ കണ്ണാടിമുന്നിൽ ചില്ലുപോലെയടർന്നു പോയൊരു മുഖവുമായ് സ്വരമിടറി വീണൊരു കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...കരളിൽ കാവളം കിളി പാട്ടുപാടുന്നു.. നീയുണർന്ന പ്രഭാതമെവിടെ...? നീ മയങ്ങിയ രജനിയെവിടെ...? നിന്നിൽ വീണൊരു നൂറു സൂര്യ- ദലങ്ങളാം നീഹാരമെവിടെ..! വാടി വീണ സുമങ്ങളാൽ ചെറു പൂക്കളങ്ങൾ മെനഞ്ഞ കൈവിര- ലന്നു മീട്ടിയ പുള്ളുവർക്കുട- മേറ്റു പാടിയ ഗാനമെവിടെ..? ഓർമ്മയായ് മറയുന്നു മണ്ണിലൊ- രീണമിന്നു പകച്ചു നിൽക്കേ നീ വരുന്ന പഥത്തിലേക്കടി- വച്ചു നീണ്ടിരുമിഴിയുമായൊരു കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ കാവളം കിളി പാട്ടുപാടുന്നു... പ്രണയമൊരു മഴവില്ലുപോൽ പ്രാ- ണന്റെ വിണ്ണിലലിഞ്ഞുചേർന്നതു- മാത്മബാഷ്പകണങ്ങൾ വൈഡൂ- ര്യങ്ങളായ് മിഴികൾ കവിഞ്ഞതും ചിറകു നീർത്തിയ മോഹവും ചിര- കാല സംഗമ സന്ധ്യയും, കുളി- രലകളായൊഴുകുന്ന യൗവ്വന- ദാഹസീമകളുമ്മ വയ്ക്കേ ആദ്യമായറിയും രസങ്ങളി- ലലസമായ് പുലതീണ്ടി വന്നതു- മെന്തിനോ വെറുതേ നിനച്ചക- മിടറി വിങ്ങിയ കഥയുമായൊരു കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ കാവളം കിളി പാട്ടു പാടുന്നു കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ കാവളം കിളി പാട്ടു പാടുന്നു പഴയൊരോർമ്മ നിലാവിലൂടെ പടുമരത്തിൻ കൊമ്പിലാരെ- ത്തിരയുമീരടി തൻ വിലാപ- ത്തിരകൾ വീശിയടിക്കെ, അരിയൊരു കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... കരളിൽ കാവളം കിളി പാട്ടുപാടുന്നു......
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: ജി നിശീകാന്ത്
Raaga: വൃന്ദാവനസാരംഗ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: ജി നിശീകാന്ത്
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്