Malayalam lyrics

നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ 
തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
മുതുകു കൂനി തലകൾ
താണുമിനിയും എത്രനാള്
നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ 
തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
മുതുകു കൂനി തലകൾ
താണുമിനിയും എത്രനാള്
നീ പിറന്ന മണ്ണിൽ
നിന്നെ കണ്ടാൽ വെറുപ്പ്
പണിയെടുത്ത മേനി
വെയിൽ കൊണ്ടേ കറുപ്പ്
നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ് 
പിഞ്ച് കുഞ്ഞവൾ അരവയറിൽ കിടപ്പ്
രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്ഞ് 
ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന് 
നാട് നഗരമാക്കി കൂട് കൂടാരമാക്കി
മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി
പൊന്ന് കേട്ടവൻ പിടഞ്ഞു വീണ് ചോരതുപ്പി 
നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി
പൊന്ന് നീതിയും വിളച്ചെടുത്ത ഭൂമിയും
വിളിച്ച് കേണ സാമിയും
വെളിച്ചമുള്ള ഭാവിയും
നീ നേടിയില്ല എങ്കിലും
നീ വാടിയില്ല
അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച്
തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെ ചതിച്ച് 
പിന്നിലാരോ കളിച്ച് നീതി പണ്ടേ മരിച്ച്
കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട്
യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് 
അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് 
എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്
ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല
ആണേൽ ഒരു മൈരുമില്ല 
ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല
പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല
എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് 
നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് 
അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച് 
അല്ല അല്ല അല്ലലില്ല നാളതില്ല 
ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല 
കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും 
കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും 
പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും
പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും
കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ
അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ 
മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ 
അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ
കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട്  പാതി 
വാക്കെടുത്തവൻ
ദേശദ്രോഹി തിവ്രവാദി
എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി
കനലൊരു തരി മതി ഒരുതരി മതി തരി മതി.
നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ 
തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
മുതുക്കൂനി തലകൾ
താണുമിനിയും എത്രനാള്

Song details

Music: വേടൻ

Film/album: വേടൻ

Song video

Watch on YouTube