Malayalam lyrics
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി (2) ( വാതിൽപ്പഴുതിലൂടെൻ ) ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെയുഴറും പോലെ അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായി നീ വന്നു (2) ( വാതിൽപ്പഴുതിലൂടെൻ )
Song video
Song details
Music: വി ദക്ഷിണാമൂർത്തി
Raaga: ശുദ്ധസാരംഗ്
Film/album: ഇടനാഴിയിൽ ഒരു കാലൊച്ച
- Singer: കെ ജെ യേശുദാസ്
- Film / album: ഇടനാഴിയിൽ ഒരു കാലൊച്ച
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഒ എൻ വി കുറുപ്പ്